ഒരു നുണയെങ്കിലും പറയാതെ സ്വസ്ഥത കിട്ടാത്ത വ്യക്തിയാണ് മുഖ്യമന്ത്രിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. പേര് പരസ്യമാക്കാൻ സാധിക്കാത്ത ഏതോ ഒരു നിക്ഷേപകനെ സന്ദർശിക്കാനാണ് ഹെലികോപ്റ്ററിൽ യാത്ര ചെയ്തതെന്നാണ് പറയുന്നത്. എന്നാൽ, ഭാര്യയുടെ പിതാവിനെ കാണാനായി മുഖ്യമന്ത്രി ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തുവെന്ന് വാർത്ത നൽകിയത് മാധ്യമങ്ങളാണ്; അല്ലാതെ കൈരളിയോ ദേശാഭിമാനിയോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യവട്ടം പോയപ്പോൾ ഇറങ്ങാൻ സാധിക്കാത്തതിനാലാണ് വീണ്ടും യാത്ര ചെയ്യേണ്ടി വന്നത്. പുറത്തു പറയാൻ സാധിക്കാത്ത ഏതു തരം ഇടപാടുകൾക്കാണ് ഹെലികോപ്റ്റർ ഉപയോഗിച്ച് യാത്ര നടത്തിയതെന്ന് വ്യക്തമാക്കുന്നില്ല. മുൻപ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്ത സമയത്ത് ഇല്ലാത്ത കഥകൾ ഉണ്ടാക്കിയവർ തന്നെയാണ് ഇപ്പോൾ പുതിയ കഥകളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു.





