കൊച്ചി: ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. കെ.എം. ബഷീറിന്റെ ഭാര്യ സി. ജസീല സമർപ്പിച്ച ഹർജിന്മേലാണ് ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. വിഷയത്തിൽ ഒരാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
വിചാരണ നടത്തുന്ന കോടതി മാറ്റിയ നടപടി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജസീല ഉന്നത നീതിപീഠത്തെ സമീപിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഈ ഹർജി. പ്രതിഭാഗം വക്കീലിന്റെ താല്പര്യപ്രകാരമാണ് കോടതി മാറ്റം സംഭവിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. കേസിൽ നീതിപൂർവ്വമായ വിചാരണ നടക്കുമോ എന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും ഇവർ ഹൈക്കോടതിയെ അറിയിച്ചു. കേസ് മുൻപ് പരിഗണിച്ചിരുന്ന സെഷൻസ് കോടതി ഒന്നിലേക്ക് തന്നെ വീണ്ടും മാറ്റണമെന്നും നിലവിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്നും ബഷീറിന്റെ കുടുംബം മുൻപ് ആവശ്യപ്പെട്ടിരുന്നു.





