കൊച്ചി: ജീവന് ഭീഷണിയാകുന്ന തരത്തിൽ ബൈക്കിൽ യാത്ര ചെയ്ത കുസാറ്റ് വിദ്യാർത്ഥികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടിയാരംഭിച്ചു. ബൈക്കിന്റെ പിൻസീറ്റിലിരുന്ന വിദ്യാർത്ഥി പുറകോട്ട് തിരിഞ്ഞിരുന്ന് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിരുന്നു. ഇവർക്ക് പിന്നാലെ മറ്റ് ബൈക്കുകളിൽ യാത്ര ചെയ്തിരുന്ന മറ്റ് വിദ്യാർത്ഥികൾ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
സംഭവത്തെത്തുടർന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വിദ്യാർത്ഥികളെ നേരിട്ട് വിളിച്ചുവരുത്തി പരിശോധന നടത്തുകയായിരുന്നു. ഗതാഗത നിയമലംഘനം തെളിഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് പിഴ ചുമത്തുകയും ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനായി ശുപാർശ നൽകുകയും ചെയ്തു.





