ന്യൂഡൽഹി: പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി ആരംഭിച്ചതോടെ സ്ത്രീകൾ ബസുകളിൽ തിക്കിത്തിരക്കി കയറുന്നുവെന്ന തരത്തിലുള്ള ഗതാഗത മന്ത്രി സി.പി. ജോണിന്റെ ആക്ഷേപകരമായ പ്രസ്താവനയ്ക്കെതിരെ സി.പി.ഐ ദേശീയ നേതാവ് ആനി രാജ രംഗത്ത്. മന്ത്രി തന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് അദ്ദേഹം ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രതികരണം തികച്ചും അപലപനീയമാണെന്ന് ആനി രാജ വിശേഷിപ്പിച്ചു. വനിതകൾ ഈ സൗകര്യം വലിയ തോതിൽ പ്രയോജനപ്പെടുത്തി തുടങ്ങിയപ്പോഴാണ് മന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള മോശം നിലപാടുകൾ പുറത്തുവരുന്നത്. സ്ത്രീകൾക്ക് നൽകുന്ന സൗജന്യ ബസ് യാത്ര സർക്കാരിന്റെ ദാനമോ ഔദാര്യമോ അല്ലെന്ന് അവർ ഓർമ്മിപ്പിച്ചു. പദ്ധതിയുടെ വാഗ്ദാനങ്ങൾ നൽകി വോട്ട് നേടിയവരാണ് ഇപ്പോൾ ഇത്തരത്തിൽ സംസാരിക്കുന്നത്. ഈ ആനുകൂല്യം നടപ്പാക്കുമ്പോൾ എ.പി.എൽ, ബി.പി.എൽ എന്നിങ്ങനെയുള്ള യാതൊരുവിധ മാനദണ്ഡങ്ങളും സർക്കാർ നിശ്ചയിച്ചിരുന്നില്ല. ജനങ്ങൾക്ക് ആവശ്യമായ യാത്രാസൗകര്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. ഈ പദ്ധതിയുടെ വരുംവരായ്കകളെക്കുറിച്ച് മുൻകൂട്ടി കൃത്യമായ ഒരു പഠനവും നടത്തിയിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മന്ത്രിയുടെ ഈ വാക്കുകളെന്നും ആനി രാജ കൂട്ടിച്ചേർത്തു.





