തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ കരാറൊപ്പിട്ടില്ലെങ്കിൽ സമഗ്ര ശിക്ഷാ പദ്ധതിക്കുള്ള തുക ലഭിക്കില്ലെന്ന യു.ഡി.എഫ് സർക്കാരിന്റെ അസത്യ പ്രചാരണം പാർലമെന്റിൽ അമ്പേ പാളിയതായി സി.പി.ഐ.എം നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ സംഘപരിവാർ അജണ്ടകൾക്ക് മുമ്പിൽ അടിയറവ് വെക്കുന്ന യു.ഡി.എഫ് ഭരണകൂടത്തിന്റെ വഞ്ചനാപരമായ നിലപാടുകളും ഇരട്ടത്താപ്പും പൂർണ്ണമായും വെളിച്ചത്തായിരിക്കുകയാണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
പ്രതിപക്ഷ സ്ഥാനത്തിരുന്ന വേളയിൽ സംഘപരിവാർ ബന്ധം ആരോപിച്ച് പ്രതിഷേധങ്ങൾ നയിച്ചവർ, ഭരണത്തിലെത്തിയതോടെ മുൻ നിലപാടുകളെല്ലാം തള്ളി കാവിവൽക്കരണത്തിന് ഒത്താശ ചെയ്യുകയാണെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി. 'മുസ്‌ലിം ലീഗിനെക്കൊണ്ട് പി.എം ശ്രീ നടപ്പിലാക്കിക്കും' എന്ന ബി.ജെ.പി മുൻ അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മുൻ പ്രസ്താവനയെ ശരിവെക്കുന്ന തരത്തിലാണ് യു.ഡി.എഫ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





