തിരുവനന്തപുരം: എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ പുനരന്വേഷണത്തിന് വഴിതുറക്കുന്നു. ഗതാഗത കമ്മീഷണർ സ്ഥാനത്തിരിക്കെ നടത്തിയതടക്കം അഞ്ചോളം ഇടപാടുകളിൽ ക്രമക്കേട് നടന്നു എന്ന പരാതിയിലാണ് പുതുതായി അന്വേഷണം ആരംഭിക്കുന്നത്. സസ്പെൻഷനിലായ എ.ഡി.ജി.പി എം. ആർ. അജിത് കുമാറിന് പകരം എസ്. ശ്രീജിത്തിനെ ഡി.ജി.പി പദവിയിലേക്ക് പരിഗണിക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഈ നീക്കം. പ്രസ്തുത ആരോപണങ്ങളിൽ ശ്രീജിത്തിന് ക്ലീൻ ചിറ്റ് നൽകിയ നിലവിലെ ചീഫ് സെക്രട്ടറിയുടെ മുൻ ഉത്തരവ് ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. പരാതിയിന്മേൽ മൂന്നാഴ്ചയ്ക്കകം നടപടികൾ നിർബന്ധമായും പൂർത്തിയാക്കാൻ ആഭ്യന്തര സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻകൂർ അനുവാദം വാങ്ങാതെയുള്ള വിദേശ യാത്രകൾ, ഔദ്യോഗിക വസ്ത്രം ധരിച്ച് യു.എ.ഇയിലെ സ്വകാര്യ സ്ഥാപന ഉദ്ഘാടനത്തിൽ പങ്കാളിയായത്, ട്രാൻസ്പോർട്ട് കമ്മീഷണറായ കാലയളവിലെ സാമ്പത്തിക ക്രമക്കേടുകൾ, 'ലാസ്റ്റ് ബെഞ്ച്' എന്ന സംഗീത ബാന്റിനായി സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യൽ, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം എന്നിവയാണ് അന്വേഷണ പരിധിയിലുള്ളത്. പോലിസ് ആസ്ഥാനത്തെത്തി എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ ഉണ്ണികൃഷ്ണൻ പോറ്റി പൊന്നാടയണിയിക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.





