തിരുവനന്തപുരം: പുനർജനി അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി പരാതിക്കാരിലൊരാളും മുൻ കോൺഗ്രസ് നേതാവുമായ രാജേന്ദ്രപ്രസാദ്. ഈ കേസിൽ വി.ഡി. സതീശന് എങ്ങിനെയാണ് ക്ലീൻ ചിറ്റ് നൽകുന്നതെന്ന് ചോദ്യമുന്നയിച്ച അദ്ദേഹം, വിഷയം അന്വേഷിക്കേണ്ടത് സി.ബി.ഐ ആണെന്നും ആവശ്യപ്പെട്ടു. വിദേശ നാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചാണ് പണം ശേഖരിച്ചതെന്നും ഇതിന് തെളിവായി വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
"2018-ലെ പ്രളയകാലത്ത് ഫണ്ട് സമാഹരണത്തിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടിയെങ്കിലും അത് ലഭിച്ചിരുന്നില്ല. എന്നാൽ അന്ന് സാധാരണ എം.എൽ.എ മാത്രമായിരുന്ന വി.ഡി. സതീശൻ കേന്ദ്ര സർക്കാരിന്റെ യാതൊരു അനുമതിയുമില്ലാതെ എഫ്.സി.ആർ.എ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പണം പിരിക്കുകയാണുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ പോയി കോടികളാണ് സതീശൻ സമാഹരിച്ചത്. വലിയൊരു ക്രിമിനൽ കുറ്റമാണ് അദ്ദേഹം ഇതിലൂടെ ചെയ്തത്," രാജേന്ദ്രപ്രസാദ് വ്യക്തമാക്കി.





