പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് യോഗത്തിൽ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. കഴിഞ്ഞ സർക്കാർ കരാറൊപ്പിട്ട സാഹചര്യത്തിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. എന്നാൽ, സ്വന്തം ശൈലിയിൽ അടൂർ പ്രകാശ് നടത്തിയ പ്രതികരണമാവാം അതെന്നാണ് ഇതിനോട് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ നൂറ് ശതമാനവും വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പി.എം ശ്രീ വിഷയം യോഗത്തിൽ ചർച്ചയ്‌ക്ക് വന്നപ്പോൾ കോൺഗ്രസും ലീഗും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചതെന്ന വാർത്തകൾ ശരിയല്ല. മുന്നണിക്കുള്ളിൽ ഒരു വിഭാഗം ഒരു അഭിപ്രായവും മറ്റൊരു വിഭാഗം വേറൊരു അഭിപ്രായവും പറഞ്ഞു എന്ന രീതിയിലുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി ചേർന്ന് വിശദമായ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനത്തിലേക്ക് കടക്കുകയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.





