'ഓപ്പറേഷൻ തുഫാൻ' ന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിൽ വ്യാപകമായ പരിശോധന സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം രാത്രിയോടെ ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. പൂജപ്പുര ജയിലിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊതികൾക്ക് പുറമെ കത്തിയും സിഗരറ്റ് ബണ്ടിലുകളും കണ്ടെടുത്തു. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ എന്നീ പ്രധാന ജയിലുകളിലാണ് പരിശോധന അരങ്ങേറിയത്. ജയിലിലെത്തുന്ന ചില പ്രതികൾ ഉള്ളിൽ വെച്ച് ലഹരിവ്യാപാരികളായി മാറുന്നുണ്ടെന്നും ഇതിലൂടെ കണ്ടെത്തിയിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു റെയ്ഡ് നടന്നത്. കണ്ണൂർ സെൻട്രൽ ജയിലിന്റെ ആറാം ബ്ലോക്കിൽ നിന്ന് കഞ്ചാവിന് പുറമെ ഹാഷിഷ് ഓയിലും മൊബൈൽ ചാർജറും പിടിച്ചെടുത്തു. ഒന്നാം ബ്ലോക്കിൽ നിന്നാണ് ബീഡികൾ കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ നടപടികൾക്കായി ജയിൽ സൂപ്രണ്ട് ടൗൺ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.





