തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിൽ നടന്ന ക്രമക്കേടുകൾക്ക് പിന്നിൽ പ്രമുഖ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന സംശയത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഇടത് സംഘടനാ പ്രതിനിധികളുടെ പദവികളിലേക്കുള്ള നിയമനങ്ങളിലാണ് ആരോപണം ശക്തമാകുന്നത്. ഈ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഇടത് സംഘടനാ പ്രവർത്തകനായ അരുൺ ജെ. പ്രതാപിനാണ് നിയമനം ലഭിച്ചത്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് പദവിയിലാണ് അരുണിനെ നിയമിച്ചത്. ഇയാൾക്ക് സങ്കീർണ്ണമായി തോന്നിയ ചോദ്യങ്ങൾ പരിശോധനയിൽ നിന്നും ഒഴിവാക്കിയാണ് വാല്യുവേഷൻ പൂർത്തിയാക്കിയത്.
ആകെ പത്ത് ചോദ്യങ്ങളാണ് മൂല്യനിർണ്ണയ പ്രക്രിയയിൽ നിന്നും നീക്കം ചെയ്തത്. പരീക്ഷയെഴുതിയ മുഴുവൻ ആളുകളുടെയും ഈ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെ ഒഴിവാക്കുകയായിരുന്നു. 58 മാർക്കുകളുള്ളതായിരുന്നു പ്രസ്തുത ചോദ്യങ്ങൾ. ഇത്തരത്തിൽ ഒഴിവാക്കിയ ചോദ്യങ്ങളിൽ ആറെണ്ണത്തിനും അരുൺ ഉത്തരമെഴുതിയിരുന്നില്ല. ഒരു ചോദ്യത്തിന് ആകട്ടെ കേവലം രണ്ട് വരി മറുപടി മാത്രമാണ് നൽകിയത്. ഈ ഒഴിവാക്കിയ ചോദ്യങ്ങൾക്ക് കൂടി മാർക്കിട്ടിരുന്നെങ്കിൽ അരുൺ ജെ. പ്രതാപിന് ഒന്നാം റാങ്ക് കരസ്ഥമാക്കാൻ സാധിക്കില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
അരുണിനെ ഒന്നാമതെത്തിക്കാൻ വേണ്ടി മൂല്യനിർണ്ണയ രീതിയിൽ തന്നെ അട്ടിമറി നടത്തിയതായി എസ്.ഐ.ടി കണ്ടെത്തി. സംഭവത്തിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ പങ്കിനെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കും. ഉത്തരക്കടലാസുകൾ നിയമങ്ങൾക്ക് വിരുദ്ധമായി ചെയർമാൻ പരിശോധിച്ചതായാണ് സംശയം ഉയരുന്നത്. വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്.ഐ.ടി.





