പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഈ പദ്ധതി വഴി ഒരു രൂപ പോലും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിലവിലെ സർക്കാരിന് ഈ പദ്ധതിയിൽ നിന്നും പിന്മാറുന്നതിന് യാതൊരു തടസ്സങ്ങളുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി.എം ശ്രീ പദ്ധതിയിൽ കേരളം ഉൾപ്പെട്ടിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തിന് പിന്നാലെ, വി.ഡി. സതീശൻ സർക്കാരിനെതിരെ ഈ വിഷയം ശക്തമായ രാഷ്ട്രീയ ആയുധമാക്കാനാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം.
ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി സത്യമാണെന്ന് കേന്ദ്ര സഹമന്ത്രി തന്നെ പാർലമെന്റിൽ അംഗീകരിച്ചിരിക്കുകയാണെന്ന് ശിവൻകുട്ടി പറഞ്ഞു. തങ്ങൾക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിക്കാനും പദ്ധതിയിൽ നിന്നും അടിയന്തരമായി പിന്മാറാനും സർക്കാർ തയ്യാറാകണം. പി.എം ശ്രീ നടപ്പിലാക്കുന്നതിനായുള്ള സ്കൂളുകളെ കഴിഞ്ഞ സർക്കാർ തിരഞ്ഞെടുത്തിരുന്നില്ലെന്നും, ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറയുന്നത് തികച്ചും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയുടെ നയങ്ങൾ ഇവിടെ നടപ്പിലാക്കാനുള്ള ഒരു പാലമായി മന്ത്രിസഭാ ഉപസമിതിയെ മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് ഭയന്ന് ബി.ജെ.പിക്ക് മുന്നിൽ അടിയറവ് പറഞ്ഞുവെന്നും അദ്ദേഹം കടുത്ത വിമർശനമുന്നയിച്ചു. ലീഗിന് അല്പമെങ്കിലും നാണമില്ലേ എന്ന് ചോദിച്ച അദ്ദേഹം, പി.എം ശ്രീ വിഷയത്തിൽ അവർ മുൻപ് സ്വീകരിച്ചിരുന്ന നിലപാട് എന്തായിരുന്നുവെന്ന് ഓർമ്മിപ്പിച്ചു. ഇതിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മറുപടിയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. കോൺഗ്രസ് എം.പി ജെബി മേത്തർ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ്, പി.എം ശ്രീ പദ്ധതിക്കായി സംസ്ഥാനത്തെ ഒരു സർക്കാർ സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി സഭയെ അറിയിച്ചത്.





