കൊച്ചി: ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമർശനങ്ങളുമായി അഖിൽ മാരാർ. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ബി.ജെ.പിയിൽ നിന്നും 40 കോടി രൂപ കൈപ്പറ്റിയാണ് സാബു എം. ജേക്കബ് എൻ.ഡി.എ മുന്നണിയുടെ ഭാഗമായതെന്ന് അഖിൽ മാരാർ ആരോപിച്ചു. കിറ്റക്സ് കമ്പനി നിലവിൽ 1,600 കോടിയിലധികം രൂപയുടെ കനത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും, ഇതിൽ നിന്നും കരകയറാൻ കേന്ദ്ര സർക്കാരിന്റെ സഹായം ഉറപ്പാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും അഖിൽ കുറ്റപ്പെടുത്തി.
ട്വന്റി 20-ക്ക് വേണ്ടി സ്ഥാനാർത്ഥികളെ കണ്ടെത്താൻ ചുമതലപ്പെടുത്തിയിരുന്ന ഡൽഹി സ്വദേശിയായ റാം എന്ന വ്യക്തി പത്തോളം തവണ തന്നെ വിളിച്ചിരുന്നുവെന്ന് അഖിൽ വെളിപ്പെടുത്തുന്നു. പിന്നീട് കൊട്ടാരക്കരയിൽ നിന്നും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടാൻ താൻ ആലോചിച്ച സമയത്ത് ഇവർ വീണ്ടും ബന്ധപ്പെടുകയും, കൊട്ടാരക്കര സീറ്റ് നൽകാമെന്ന് സാബു ജേക്കബ് നേരിട്ട് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
എന്നാൽ ഈ വാക്ക് പാലിക്കാൻ അവർ തയ്യാറായില്ല. ഇതിനെത്തുടർന്ന് താൻ ആർ.എസ്.എസ് നേതാക്കളോടും രാജീവ് ചന്ദ്രശേഖറിനോടും പരാതിപ്പെടുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തൃപ്പൂണിത്തുറ സീറ്റ് തനിക്ക് മത്സരിക്കാനായി ബി.ജെ.പി വിട്ടുനൽകിയത്. എന്നാൽ തൃക്കാക്കര സീറ്റ് തന്റെ മേൽ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് അഖിൽ പറയുന്നത്. സാബു ജേക്കബ് തന്നെയാണ് തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ടുപോയത്. പക്ഷേ, തൃക്കാക്കരയിൽ പ്രവർത്തിക്കാൻ ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലും അന്നുണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പ് നടപടികൾ കഴിഞ്ഞതോടെ ട്വന്റി 20-ക്ക് രാഷ്ട്രീയ പ്രവർത്തനങ്ങളിലുള്ള താല്പര്യം പൂർണ്ണമായും നഷ്ടപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി താൻ പലതവണ ബന്ധപ്പെട്ടിട്ടും സാബു ജേക്കബ് യാതൊരു മറുപടിയും നൽകാൻ തയ്യാറായില്ലെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.





