തിരുവനന്തപുരം മേഖലാ മിൽമ യൂണിയൻ ഭരണസമിതിയുടെ കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തനങ്ങളിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തൽ. യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ടുകൊണ്ട് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിർണായക വിവരങ്ങളുള്ളത്.
ജീവനക്കാരുടെ സ്ഥലംമാറ്റം, പ്രമോഷൻ, പോസ്റ്റിംഗ് എന്നിവയിൽ ഭരണസമിതി ചട്ടവിരുദ്ധമായി ഇടപെട്ടതായും ഉത്തരവിൽ വ്യക്തമാക്കുന്നു. ഭരണകാലയളവിലുടനീളം വ്യാപകമായ അഴിമതിയും ബന്ധുനിയമനവുമാണ് നടന്നിട്ടുള്ളത്. ശബരിമല സന്നിധാനത്തെ സ്റ്റോറിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ ഗുണനിലവാരമുള്ള നെയ്യ് വഴിമധ്യേ മാറ്റി പകരം തമിഴ്‌നാട്ടിൽ നിന്നുള്ള ഗുണനിലവാരമില്ലാത്ത നെയ്യ് ടിന്നുകളിലാക്കി നൽകി. തുടർന്ന് യഥാർത്ഥ നെയ്യ് ലിറ്ററിന് 720 രൂപ നിരക്കിൽ മറിച്ചുവിറ്റ് വൻ തുക കൈക്കലാക്കി. ഈ ക്രമക്കേടുകൾക്ക് ഭരണസമിതി അംഗങ്ങളും പത്തനംതിട്ട ഡയറി യൂണിറ്റ് മേധാവിയും ഒത്താശ ചെയ്തു.ഈ തട്ടിപ്പിലൂടെ ആകെ 85,73,245 രൂപയുടെ അനധികൃത സാമ്പത്തിക ലാഭമാണ് സംഘം ഉണ്ടാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശബരിമലയിലേക്ക് നൽകിയ നെയ്യ് മുഴുവനായി എഫ്.എസ്.എസ്.എ.ഐ-യുടെ (FSSAI) ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, പാൽക്ഷാമം ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിൽ നിന്നും പാൽ എത്തിക്കാൻ അനധികൃത ടെൻഡർ വിളിക്കുകയും ബന്ദിപ്പൂർ വനമേഖലയിലെ രാത്രികാല യാത്രാവിലക്കിന്റെ മറവിൽ യാത്രാദൂരം കൂട്ടിക്കാണിക്കുകയും ചെയ്തു. അഴിമതിയുടെ വ്യാപ്തി കണക്കിലെടുത്താണ് നിലവിലെ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിടാൻ തീരുമാനിച്ചത്.
അതേസമയം, ഭരണസമിതി പിരിച്ചുവിട്ട സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പ്രതികരിച്ചു. മണി വിശ്വനാഥ് ചെയർപേഴ്സണായുള്ള ഇടതുപക്ഷ ഭരണസമിതിയാണ് നിലവിൽ നടപടി നേരിട്ടത്. 2021-ലും സമാനമായ രീതിയിൽ കോൺഗ്രസ് ഭരണസമിതിയെ എൽ.ഡി.എഫ് സർക്കാർ പിരിച്ചുവിട്ടിരുന്നു. പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അഡ്മിനിസ്‌ട്രേറ്റർക്കായിരിക്കും തിരുവനന്തപുരം യൂണിയന്റെ ഭരണച്ചുമതല.





