കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കാൻ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തന്നോട് ഉപദേശിച്ചിരുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വെളിപ്പെടുത്തി. കൊൽക്കത്തയിൽ നടന്ന 'ദി ഇക്കണോമിക് ടൈംസ് ബംഗാൾ അസെന്റ്‌സ് സമ്മിറ്റിൽ' സംസാരിക്കവെയാണ് രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ പ്രണബ് മുഖർജി ഇക്കാര്യം പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കിയത്.
തൊഴിലാളിയായി തുടരണമെങ്കിൽ തൃണമൂലിൽ നിൽക്കാമെന്നും സ്വന്തമായി മുന്നോട്ട് പോകണമെങ്കിൽ മോദിജിക്കൊപ്പം നിൽക്കൂ എന്നുമാണ് തന്റെ 'യഥാർത്ഥ ഉപദേഷ്ടാവായിരുന്ന' പ്രണബ് മുഖർജി തന്നോട് പറഞ്ഞതെന്ന് അധികാരി വിശദീകരിച്ചു; എന്നാൽ സംഭാഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ താൽപ്പര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മമത ബാനർജിയെയും അനന്തരവൻ അഭിഷേക് ബാനർജിയെയും പരോക്ഷമായി പരാമർശിച്ചുകൊണ്ട്, ഒരു മാനേജിങ് ചെയർമാനും മാനേജിങ് ഡയറക്ടറും മാത്രമുള്ള 'സിംഗിൾ മാൻ, സിംഗിൾ വുമൺ' പാർട്ടിയായിരുന്നു തൃണമൂൽ കോൺഗ്രസെന്ന് സുവേന്ദു അധികാരി വിമർശിച്ചു. അവിടെയൊരു തൊഴിലാളിയായി തുടരാൻ താൽപ്പര്യമില്ലാത്തതിനാലാണ് പാർട്ടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
മമത ബാനർജിയുടെ ഏറ്റവും അടുത്ത അനുയായിയായിരുന്ന സുവേന്ദു അധികാരി, പ്രണബ് മുഖർജി അന്തരിച്ച് മാസങ്ങൾക്കുള്ളിൽ 2020-ലാണ് ടി.എം.സി അംഗത്വം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേർന്നത്.





