ചെന്നൈ: ശബരിമലയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ട്രാൻസ്‌ജെൻഡർ ക്ഷേമ ബോർഡ് സ്ഥാപകയായ അനുശ്രീ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ഹർജിക്കാരിയെ വ്യക്തിപരമായി ബാധിക്കുന്ന ഒരു വിഷയത്തെ പൊതുതാത്പര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകാത്തതിനാൽ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ജസ്റ്റിസുമാരായ എസ്.എ. ധർമാധികാരി, ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ശബരിമല ക്ഷേത്രം കേരളത്തിലായതിനാൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ഹൈക്കോടതിക്ക് മാത്രമേ വിഷയത്തിൽ ഇടപെടാൻ സാധിക്കൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്ര ഭരണസമിതിയും സർക്കാരും ഉൾപ്പെടെ ഈ വിഷയത്തിൽ മറുപടി നൽകാൻ അവകാശമുള്ളവരെല്ലാം കേരളത്തിൽ നിന്നുള്ളവരാണെന്നും, സമാന ആവശ്യവുമായി മറ്റൊരു ട്രാൻസ്‌ജെൻഡർ വ്യക്തി നൽകിയ ഹർജി ഇതിനോടകം കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
തുടർന്ന് ഹർജി പിൻവലിക്കാനും കേരള ഹൈക്കോടതിയെ സമീപിക്കാനും നിയമപരമായ അനുമതി വേണമെന്ന് ഹർജിക്കാരി ആവശ്യപ്പെട്ടെങ്കിലും, പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. 2022 മുതൽ ശബരിമല തീർത്ഥാടനത്തിന് പോകാറുണ്ടെന്നും മുൻവർഷങ്ങളിൽ മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ച് പ്രവേശനം അനുവദിച്ചിരുന്നുവെന്നും അനുശ്രീ ഹർജിയിൽ പറഞ്ഞിരുന്നു; എന്നാൽ ഈ വർഷം മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ചിട്ടും തന്നെയടക്കം 15 പേരെ പമ്പയിലെ ഗണപതി ചെക്ക്‌പോയിന്റിൽ തടഞ്ഞുവെന്നാണ് ഹർജിയിലെ പരാതി.





