ന്യൂഡൽഹി: ഇന്ത്യയിലെ യുവജനങ്ങൾക്ക് സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 'കോക്രോച്ച് ക്ലബുകൾ' എന്ന പേരിൽ പുതിയ വേദി രൂപീകരിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ഞായറാഴ്ച പ്രഖ്യാപിച്ച ഈ പദ്ധതിയിലൂടെ, കേവലം ഓൺലൈൻ പ്രവർത്തനങ്ങളിലും പ്രതിഷേധങ്ങളിലും മാത്രം ഒതുങ്ങിനിൽക്കാതെ രാജ്യത്തുടനീളം സ്ഥിരമായ ഓഫ്‌ലൈൻ ഇടങ്ങൾ സജ്ജീകരിക്കാനും നേരിട്ടുള്ള പരിപാടികൾ സംഘടിപ്പിക്കാനുമാണ് പാർട്ടി ലക്ഷ്യമിടുന്നത്; 'ഞങ്ങൾ യുവാക്കൾ, കോക്രോച്ച് ക്ലബിൽ വച്ച് ഇന്ത്യയുടെ ആശയം രൂപപ്പെടുത്തും' എന്നതാണ് ക്ലബ്ബിന്റെ മുദ്രവാക്യം.
ഒരു യുവജന പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന ആദ്യത്തെ ആക്ഷേപഹാസ്യ സ്വഭാവമുള്ള സ്ഥിരമായ ഓഫ്‌ലൈൻ ഇടമാണിതെന്ന് പാർട്ടി സഹ-കൺവീനർ സൗരവ് ദാസ് സമൂഹമാധ്യമ കുറിപ്പിലൂടെ വ്യക്തമാക്കി. മഹാത്മാ ഗാന്ധി, അംബേദ്കർ, നെഹ്‌റു എന്നിവരുടെ ആശയങ്ങളിലൂടെ സംവദിക്കാനും സാംസ്കാരിക പരിപാടികളും തത്സമയ പ്രകടനങ്ങളും സംഘടിപ്പിക്കാനും പുറമെ, യുവാക്കൾക്ക് സംവാദങ്ങളിൽ പങ്കെടുക്കാനും സിനിമകൾ കാണാനും പരീക്ഷകൾക്കായി പഠിക്കാനും സ്റ്റാൻഡ്-അപ്പ് കോമഡി ആസ്വദിക്കാനും സാധിക്കുന്ന ഫിസിക്കൽ സ്പേസായിരിക്കും ഇതെന്നും അദ്ദേഹം അറിയിച്ചു; യുവജനങ്ങൾ എപ്പോഴും ഗൗരവത്തോടെ മാത്രം ജീവിക്കുന്നവരല്ലെന്നും അവർക്ക് ചിരിക്കാനും ചിന്തിക്കാനും ആശ്വസിക്കാനുമുള്ള ഇടമായി ക്ലബ് മാറുമെന്നും ദാസ് കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസം തന്നെയാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കിയ ആശുതോഷ് റാങ്ക, മികച്ച വിദ്യാഭ്യാസം ആഡംബരമല്ലെന്നും അത് അവകാശമാണെന്നും ചൂണ്ടിക്കാട്ടി; സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും മികച്ച സൗകര്യങ്ങളും വിദ്യാഭ്യാസവും ഉറപ്പുവരുത്താൻ വിദ്യാർത്ഥികളോടും അധ്യാപകരോടും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയപരമായും നിയമപരമായും വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് സി.ജെ.പി ഈ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.





