രാഹുൽ ഗാന്ധിയുടെ വസതിക്ക് മുൻപിൽ ഹരിയാന സ്വദേശിയായ സ്ത്രീയും കുട്ടികളും ചേർന്ന് പ്രതിഷേധ സമരം നടത്തി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് കോൺഗ്രസ് പണം തട്ടിയെടുത്തെന്നാണ് ഇവർ ആരോപിക്കുന്നത്. തുടർന്ന് ഇവരെ സ്ഥലത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റാഗ്രാം റീൽ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ജെൻ-സി വിഭാഗവുമായി കൂടുതൽ ആത്മബന്ധം സ്ഥാപിക്കുന്നതിനായി ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ പരിപാടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. വിദ്യാർത്ഥികൾക്കും ജെൻ-സി ഉപയോക്താക്കൾക്കും തന്നോട് നേരിട്ട് സംവദിക്കുന്നതിനാണ് അദ്ദേഹം ഈ സംവിധാനമൊരുക്കിയത്.
“വിദ്യാർത്ഥികളെ, ജെൻ-സി – ഞാൻ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ ഇവിടെയുണ്ട്. ഇൻസ്റ്റാഗ്രാമിൽ എന്നോട് എന്തു വേണമെങ്കിലും ചോദിക്കൂ, കഴിയുന്നത്ര ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകാം,” എന്ന് രാഹുൽ ഗാന്ധി എക്സിൽ (X) കുറിപ്പു പങ്കുവെച്ചു. ഉപയോക്താക്കൾക്ക് തങ്ങളുടെ ചോദ്യങ്ങൾ സമർപ്പിക്കുന്നതിനായി ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ലിങ്കും അദ്ദേഹം ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്.





