ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ 2026-ലെ ബജറ്റിൽ വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് സുപ്രധാന പ്രഖ്യാപനങ്ങൾ. ബജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
- പുതിയ വ്യവസായ നയം: നൂതനാശയങ്ങൾ, വളർന്നുവരുന്ന പുതിയ മേഖലകൾ, കയറ്റുമതി എന്നിവയ്ക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനായി പുതിയ തമിഴ്‌നാട് വ്യവസായ നയം നടപ്പിലാക്കും.
- ഡിജിറ്റൽ സേവനങ്ങൾ: നിർമ്മിത ബുദ്ധിയുടെ (AI) പിൻബലത്തിൽ പ്രവർത്തിക്കുന്ന നിക്ഷേപ സേവന സംവിധാനമായ 'ഗൈഡൻസ് 3.0', സേവനങ്ങൾ എളുപ്പമാക്കാൻ 'തമിഴ്‌നാട് സിംഗിൾ വിൻഡോ പോർട്ടൽ 3.0' എന്നിവ യാഥാർത്ഥ്യമാക്കും.
- പ്രവാസി നിക്ഷേപ ഡെസ്ക്: വിദേശത്ത് കഴിയുന്ന തമിഴ് വംശജരുടെ നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനായി 'നോൺ-റസിഡന്റ് തമിഴ് ഇൻവെസ്റ്റ്മെൻ്റ് ഫെസിലിറ്റേഷൻ ഡെസ്ക്' പ്രത്യേകം സജ്ജമാക്കും.
- പുതിയ സിപ്കോട്ട് (SIPCOT) പാർക്കുകൾ: സംസ്ഥാനത്തെ പിന്നോക്ക ജില്ലകളുടെ വികസനം മുൻനിർത്തി പുതിയ സിപ്കോട്ട് വ്യവസായ പാർക്കുകൾ നിർമ്മിക്കും. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇതിനായി 3,200 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
- ബഹിരാകാശ വ്യവസായ നിക്ഷേപ മേഖല: തൂത്തുക്കുടി, തിരുനെൽവേലി എന്നീ ജില്ലകളെ ഉൾപ്പെടുത്തി പുതിയ സ്പേസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെൻ്റ് സോൺ രൂപീകരിക്കും.
- ഇന്ത്യയിലെ ആദ്യ എ.ഐ സിറ്റി: രാജ്യത്തെ തന്നെ പ്രഥമ സമ്പൂർണ്ണ എ.ഐ - ഇന്നൊവേഷൻ സിറ്റിയായ 'അറിവകം' സംസ്ഥാനത്ത് സ്ഥാപിക്കും. പദ്ധതിയുടെ സാധ്യതാ പഠനങ്ങൾക്കായി ബജറ്റിൽ 5 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.




