പരീക്ഷാ തട്ടിപ്പുകൾക്കെതിരെയുള്ള പ്രക്ഷോഭത്തിൽ പരിക്കേറ്റ വിദ്യാർഥിയെ കൂടെയിരുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടു. വിദ്യാർഥികൾക്കുനേരെ പോലീസ് പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചുവെന്നും, ഇത്തരം അക്രമങ്ങൾക്ക് ഇരയായ യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കുനേരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായ ഹരിയാന സ്വദേശിയായ വിദ്യാർഥിക്കൊപ്പമാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒരു 'ക്രിമിനൽ മന്ത്രി'യാണെന്നും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് ഉടനടി പുറത്താക്കണമെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥ തകർന്നടിയുന്നതിന്റെ പ്രതീകമാണ് ധർമേന്ദ്ര പ്രധാൻ എന്നും, ആയിരക്കണക്കിന് ആളുകളെ തെരുവിലേക്ക് തള്ളിയിട്ടത് അദ്ദേഹമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
"പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചിട്ടില്ലെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ദേശീയപതാകയുമേന്തി സമാധാനപരമായി സമരം ചെയ്ത എന്റെ ഈ സഹോദരന് പെല്ലറ്റ് പ്രഹരമേറ്റു. ഇയാളുടെ കണ്ണിനാണ് പരിക്കേറ്റതും കാഴ്ച നഷ്ടപ്പെട്ടതും. ആയിരക്കണക്കിന് യുവാക്കൾ ലാത്തിച്ചാർജിന് ഇരയായി. വിദ്യാർഥികൾക്കെതിരെ പോലീസ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടുണ്ട്," പരിക്കേറ്റ ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി രാഹുൽ വ്യക്തമാക്കി.
വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ എന്തൊരു സന്ദേശമാണ് നൽകാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതിനിടെ, കേന്ദ്ര ഭരണകൂടവും കോക്രോച്ച് ജനത പാർട്ടി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചകൾ അവസാനിച്ചു. സിജെപി മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ടെണ്ണം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ട്.





