ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) സാമ്പത്തിക ചെലവുകളിൽ വൻ തോതിലുള്ള പൊരുത്തക്കേടുകൾ നിലനിൽക്കുന്നുണ്ടെന്ന ആരോപണവുമായി ഡോ. വി. ശിവദാസൻ എംപി. പാർലമെന്റിൽ താൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടിയിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രംഗത്തെത്തിയത്. 2019-20 സാമ്പത്തിക വർഷത്തെ ചെലവുവിവരങ്ങളിലാണ് പ്രധാനമായും ഈ വൈരുദ്ധ്യം കാണപ്പെടുന്നത്. പാർലമെന്റിൽ വിവേക് കെ. തങ്ക എംപി ഉന്നയിച്ച ചോദ്യത്തിന് 390.1 കോടി രൂപയെന്നാണ് ലഭിച്ച മറുപടി. എന്നാൽ തനിക്ക് നൽകിയ ഉത്തരത്തിൽ ഇത് 440.2 കോടി രൂപയാണെന്ന് വ്യക്തമാക്കിയിരിക്കുന്നതായി വി. ശിവദാസൻ എംപി ചൂണ്ടിക്കാട്ടി.
ഒരേ വിഷയത്തിൽ രണ്ട് എംപിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് രണ്ട് തരത്തിലുള്ള വിവരങ്ങൾ നൽകിയതാണ് വലിയ വിവാദമായിരിക്കുന്നത്. ഈ വർഷത്തെയും മുൻവർഷത്തെയും കണക്കുകൾ വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്നും എംപി കൂട്ടിച്ചേർത്തു. നാഷണൽ ടെസ്റ്റിങ് ഏജൻസി ഒരു കൊള്ളസംഘത്തിന് തുല്യമായി മാറിയിരിക്കുകയാണ്. വരവുചെലവ് കണക്കുകളിൽ കോടിക്കണക്കിന് രൂപയുടെ വ്യത്യാസമുണ്ടാകുന്നത് എൻടിഎയുടെ അശാസ്ത്രീയവും അനാസ്ഥ നിറഞ്ഞതുമായ പ്രവർത്തനരീതിയെയാണ് കാണിക്കുന്നത്. വരുംദിവസങ്ങളിൽ ലഭ്യമാകുന്ന എല്ലാ വേദികളിലും ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും എംപി വ്യക്തമാക്കി.





