കൊച്ചി: ന്യൂഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര താരം ഷൈൻ ടോം ചാക്കോ. ഭരണരീതിയിൽ അതൃപ്തിയുള്ളവരാണ് പ്രതിഷേധ ശബ്ദങ്ങളുമായി മുന്നോട്ടുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരം ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യപരമായ ശൈലിയല്ലെന്നും, ഭരണകൂടത്തിനെതിരെ സംസാരിക്കുമ്പോഴാണ് ഒരാൾ രാജ്യദ്രോഹിയായി ചിത്രീകരിക്കപ്പെടുന്നതെന്നും ഷൈൻ അഭിപ്രായപ്പെട്ടു. സർക്കാരിന് സ്വയം ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളാകാം സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നത് എന്നായിരുന്നു നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഷൈൻ പ്രതികരിച്ചത്. ഡൽഹിയിൽ മാത്രമല്ല, ലോകത്ത് എവിടെയും സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവർക്കൊപ്പമാണ് താൻ നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാകാരന്മാർ പങ്കുവെക്കുന്നത് അവരുടെ വ്യക്തിപരമായ നിലപാടുകളാണെന്നും, അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യമാണ് 1947-ൽ രാജ്യത്തിന് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ സിജെപി നടത്തുന്ന ഈ പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി ചലച്ചിത്ര പ്രമുഖരാണ് മുന്നോട്ടുവരുന്നത്. മമ്മൂട്ടി, മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആഷിഖ് അബു, ജോജു ജോസഫ്, ഭാവന, ദിവ്യ പ്രഭ, ആസിഫ് അലി, കിഷോർ തുടങ്ങിയവർ വിദ്യാർഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ വിസ്മയ മോഹൻലാലും സമരത്തിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ വിസ്മയയ്ക്കും തുടർന്ന് മോഹൻലാലിനും നേരെ കടുത്ത സൈബർ ആക്രമണങ്ങളാണ് ഉണ്ടായത്.





