ചെന്നൈ: രാജ്യതലസ്ഥാനത്ത് അരങ്ങേറുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നതിന് മദ്രാസ് ഐഐടി അധികൃതർ വിലക്കേർപ്പെടുത്തിയതായി ആരോപണം. സമരത്തിന് പിന്തുണയർപ്പിച്ചുള്ള മുഴുവൻ പോസ്റ്റുകളും പിൻവലിക്കാൻ സർവകലാശാല ആവശ്യപ്പെട്ടതായി വിദ്യാർഥികൾ പറയുന്നു. ജന്തർ മന്തറിലെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് സർവകലാശാല ഡീനാണെന്നും ഇവർ വ്യക്തമാക്കി.
ഐഐടി മദ്രാസിലെ അംഗീകൃത വിദ്യാർഥി കൂട്ടായ്മയായ 'ചിന്താബാർ', നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനും പ്രക്ഷോഭത്തിലുള്ള വിദ്യാർഥികൾക്കും പിന്തുണ പ്രഖ്യാപിച്ച് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനായി ഇവർ കാമ്പസ് അധികൃതരോട് അനുമതി തേടുകയും ചെയ്തു.
എന്നാൽ, അധ്യാപകരെയും വിദ്യാർഥി പ്രതിനിധികളെയും നേരിട്ട് വിളിച്ചുവരുത്തിയ ഡീൻ, ഡൽഹി സമരത്തിന് പിന്തുണ അർപ്പിച്ചുള്ള പരിപാടികൾ ഉടനടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉത്തരവ് ലംഘിക്കുകയോ ദൃശ്യങ്ങൾ നീക്കം ചെയ്യാതിരിക്കുകയോ ചെയ്താൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ഡീൻ മുന്നറിയിപ്പ് നൽകി. ചിന്താബാറിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്ന സോനം വാങ്ചുക്കിന്റെ എഐ അധിഷ്ഠിത വീഡിയോയും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായാണ് വിവരം.
അധികൃതരുടെ വിലക്ക് നിലനിൽക്കെത്തന്നെ വിദ്യാർഥികൾ മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ സമരദൃശ്യങ്ങൾ പങ്കുവെക്കുന്നത് തുടർന്നു. ബുധനാഴ്ച നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത ഐക്യദാർഢ്യ കൂട്ടായ്മയും കാമ്പസിൽ സംഘടിപ്പിക്കപ്പെട്ടു. രണ്ടു മണിക്കൂർ നീണ്ടുനിന്ന പ്രതിഷേധ സംഗമത്തിൽ വിദ്യാർഥികൾ സ്വയം നിർമിച്ച ബാനറുകളും പ്ലക്കാർഡുകളുമേന്തിയാണ് അണിനിരന്നത്. ഏതെങ്കിലും പ്രത്യേക വിദ്യാർഥി സംഘടനകളുടെ ആഹ്വാനപ്രകാരമല്ല ഈ കൂട്ടായ്മ ചേർന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിനുപുറമെ, ഡൽഹിയിൽ പ്രക്ഷോഭരംഗത്തുള്ള വിദ്യാർഥികൾക്കായി മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും എത്തിച്ചുനൽകാനും ഐഐടി വിദ്യാർഥികൾ തീരുമാനിച്ചിട്ടുണ്ട്.





