മുംബൈ: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി. ഇനിയും സമരരംഗത്തേക്ക് ഇറങ്ങിയാൽ കള്ളക്കേസ് ചുമത്തുമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രസ്തുത ഉദ്യോഗസ്ഥനെ നിലവിലുള്ള ചുമതലകളിൽ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ പോലീസ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഉദ്യോഗസ്ഥനെതിരെ വൻ രോഷമാണ് ഉയരുന്നത്.
ഇന്നലെ മുംബൈയിൽ നടന്ന സി.ജെ.പി പ്രക്ഷോഭത്തിനിടെയാണ് സംഭവം നടക്കുന്നത്. വാഹനത്തിന്റെ മുൻസീറ്റിലിരുന്ന പോലീസുകാരൻ പിന്നിലിരുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നത് അവർ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും പിന്നീട് പുറത്തുവിടുകയുമായിരുന്നു. "നിങ്ങളെ ഇനിയും ഇവിടെ കണ്ടാൽ നിങ്ങളുടെ ജീവിതം ഞാൻ നശിപ്പിക്കും. നിങ്ങളുടെ ബാഗിൽ മയക്കുമരുന്ന് കൊണ്ടുപോയി ഇടും, അതോടെ നിങ്ങളുടെ ഭാവി അവസാനിക്കും" എന്ന് പോലീസുകാരൻ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം അന്വേഷിക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചത്.





