യാത്രക്കാരിൽ നിന്ന് ഏറ്റവും കുറഞ്ഞ തോതിൽ പരാതികൾ ലഭിച്ച വിമാനക്കമ്പനിയെന്ന നേട്ടം സൗദിയുടെ ദേശീയ കാരിയറായ സൗദി എയർലൈൻസ് (സൗദിയ) സ്വന്തമാക്കി. പ്രമുഖ ബജറ്റ് എയർലൈനായ ഫ്ലൈനാസാണ് ഈ പട്ടികയിൽ തൊട്ടുപിറകിലുള്ളത്. സൗദി അറേബ്യൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം വിവിധ വിമാനക്കമ്പനികൾക്കെതിരെ ആകെ 1,965 പരാതികളാണ് അതോറിറ്റിക്ക് ലഭിച്ചത്. ഇതിൽ ഒരു ലക്ഷം യാത്രക്കാരിൽ 39 പരാതികൾ എന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് സൗദി എയർലൈൻസ് രേഖപ്പെടുത്തിയത്. ലഭിച്ച പരാതികളിൽ 89 ശതമാനവും നിശ്ചിത സമയപരിധിക്കുള്ളിൽത്തന്നെ പരിഹരിക്കാൻ സൗദിയക്ക് സാധിച്ചതായും അതോറിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിമാന സർവീസുകൾ വൈകുന്നത്, ടിക്കറ്റ് ബുക്കിങ്, റീഫണ്ട്, ലഗേജ് സംബന്ധമായ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതലായി പരാതികൾ ഉയർന്നു വന്നത്. അതേസമയം, വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ പ്രതിവർഷം 60 ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ ലിസ്റ്റിൽ ഏറ്റവും കുറഞ്ഞ പരാതി നിരക്കുമായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനം നേടി.


