ലിയോണൽ മെസ്സിയെ ലോകകപ്പ് മത്സരത്തിനിടെ വധിക്കാൻ ശ്രമം നടന്നേക്കാമെന്ന തരത്തിലുള്ള ഭീഷണി ഉണ്ടായിരുന്നതായി പൊലീസ് റിപ്പോർട്ട്. അറ്റ്ലാന്റയിലെ സ്റ്റേഡിയത്തിൽ വെച്ച് മെസ്സിയെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ടിലെ വിവരം. സ്പാനിഷ് മാധ്യമമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖകളിലെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. താരങ്ങൾ, ഒഫീഷ്യലുകൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കും ഭീഷണി നേരിട്ടിരുന്നതായി രേഖകളിൽ പറയുന്നുണ്ട്.
ഡാലസിലെ സ്റ്റേഡിയത്തിലേക്ക് മൂന്ന് പേർ ബോംബുകളും എആർ-15 റൈഫിളുമായി എത്തുമെന്നായിരുന്നു അധികൃതർക്ക് ലഭിച്ച ഒരു ഭീഷണി. ഇതിൽ മെസ്സിയുടെ പേരും പരാമർശിച്ചിരുന്നു. ജൂലൈ 7ന് ഈജിപ്തിനെതിരായ അർജന്റീനയുടെ മത്സരവുമായി ബന്ധപ്പെട്ടും സമാനമായ ഭീഷണി ഉയർന്നിരുന്നു. മെസ്സിയെ വധിക്കാനായി നാല് ബോംബുകളുമായി അറ്റ്ലാന്റ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഒരാൾ തയ്യാറെടുക്കുകയാണെന്ന അവകാശവാദം എക്സിലെ ഒരു പോസ്റ്റിലൂടെ ഉന്നയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അറ്റ്ലാന്റയിലെ വേദിയിലേക്ക് ലഭിച്ച ഭീഷണികളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകളും മറ്റ് നടപടികളും സ്വീകരിച്ചു. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ മൂന്ന് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ബോംബ് സ്ക്വാഡ്, ഡോഗ് ഹാൻഡ്‌ലർമാർ, കെ-9 യൂണിറ്റുകൾ എന്നിവ പരിശോധന നടത്തി.
ടൂർണമെന്റിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എഫ്ബിഐയുടെയും ഐപിസിസിയുടെയും (സെന്റർ ഫോർ ഇന്റർനാഷണൽ പോലീസ് കോ-ഓപ്പറേഷൻ) നേതൃത്വത്തിലുള്ള സംയുക്ത ശൃംഖലയും പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.





