ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 99 റൺസ് നേടി ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിയുടെ സുപ്രധാന റെക്കോർഡ് മറികടന്ന് ജോ റൂട്ട്. ഈ വിജയത്തോടെ ഏകദിന പരമ്പരയിൽ ഇന്ത്യക്കൊപ്പമെത്താനും (1-1) ഇംഗ്ലണ്ടിന് സാധിച്ചു.
കാർഡിഫ് സോഫിയ ഗാർഡൻസിൽ നടന്ന മത്സരത്തിൽ തകർച്ച നേരിട്ട ഇംഗ്ലണ്ടിനെ റൂട്ടിന്റെ മികച്ച ഇന്നിംഗ്സാണ് വിജയതീരത്തെത്തിച്ചത്. 133 പന്തിൽ നിന്നുമാണ് താരം 99 റൺസ് അടിച്ചെടുത്തത്. ടീം വിജയലക്ഷ്യം കണ്ടതിനാൽ ഒരു റൺസ് അകലെ റൂട്ടിന് അർഹിച്ച സെഞ്ച്വറി നഷ്ടമാവുകയായിരുന്നു. എങ്കിലും ഈ മികച്ച പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിലെ റൺ ചേസിംഗിൽ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരിയുള്ള രണ്ടാമത്തെ താരമായി ജോ റൂട്ട് മാറി. വിരാട് കോഹ്‌ലിയുടെ 89.07 എന്ന ശരാശരിയെ പിന്നിലാക്കി റൂട്ട് തന്റെ ശരാശരി 91.59 ആയി ഉയർത്തി. ഈ പട്ടികയിൽ മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയാണ് (102.71) ഒന്നാം സ്ഥാനത്ത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയതോടെ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇരു ടീമുകൾക്കും നിർണായകമായി.
