തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിപ്പിക്കുമെന്ന തമിഴ്‌നാട് ബജറ്റിലെ പ്രഖ്യാപനം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഉടുമ്പഞ്ചോല എം.എൽ.എ സേനാപതി വേണു വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിന് വെല്ലുവിളിയുയർത്തുന്ന നിലപാടാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നായിരുന്നു ടി.വി.കെയുടെ തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം. എന്നാൽ ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. 'കേരളത്തിന്റെ സുരക്ഷ, തമിഴ്‌നാടിന് വെള്ളം' എന്നതാണ് സംസ്ഥാനത്തിന്റെ പ്രഖ്യാപിത നയം. പ്രസ്തുത വിഷയം മുഖ്യമന്ത്രിതലത്തിൽ ചർച്ച ചെയ്യും. തമിഴ്‌നാടിന്റെ പ്രഖ്യാപനം കേരളത്തിന് പ്രതികൂലമായി ബാധിക്കുമെന്നും, വിഷയത്തിൽ ഉടൻ തന്നെ സർക്കാർ തലത്തിൽ കൂടിയാലോചനകൾ ഉണ്ടാകുമെന്നും സേനാപതി വേണു കൂട്ടിച്ചേർത്തു.
ബജറ്റ് പ്രസംഗത്തിനിടെ തമിഴ്‌നാട് ധനമന്ത്രി എൻ. മരിയ വിൽസൺ ആണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം കാവേരി നദിയിൽ നിന്ന് തമിഴ്‌നാടിന് അർഹതപ്പെട്ട ജലവിഹിതം നേടിയെടുക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.





