കോട്ടയം: സംസ്ഥാനത്തുടനീളം മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. കനത്ത മഴയിൽപ്പെട്ട് ഇതുവരെ 6 ജീവനുകളാണ് പൊലിഞ്ഞത്. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടം സ്വദേശിയായ 24 വയസ്സുകാരൻ ജോസഫിൻ ജോണി അപകടത്തിൽ കാലിന് പരിക്കേറ്റ് വീട്ടിനുള്ളിൽ വിശ്രമത്തിലായിരിക്കുമ്പോഴാണ് ദുരന്തം ഇരച്ചെത്തിയത്. ഉരുൾപൊട്ടലിൽ ജോസഫിനൊപ്പം അമ്മ റെജീനയും മരണപ്പെടുകയായിരുന്നു. ദുരന്തസമയത്ത് തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ പിതാവ് എം. ജെ. ജോണി അദ്ഭുതകരമായാണ് ജീവനോടെ രക്ഷപ്പെട്ടത്. ഇവരുടെ പെൺമക്കളായ ജോമിറ്റും സോമിറ്റും ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല.
ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജിലെ കാന്റീൻ ജീവനക്കാരനാണ് അന്തരിച്ച ജോസഫിൻ ജോണി. കഴിഞ്ഞ മാസത്തിൽ ഈരാറ്റുപേട്ടയിൽ വെച്ചുണ്ടായ അപകടത്തിലാണ് യുവാവിന്റെ കാലിന് പരിക്കേറ്റത്. പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്‌കൂളിലെ ജീവനക്കാരിയായിരുന്നു മരണപ്പെട്ട റെജീന. ഇടമല ഭാഗത്തുനിന്ന് പാഞ്ഞെത്തിയ ശക്തിയേറിയ ഉരുളാണ് അമ്മയുടെയും മകന്റെയും ജീവനെടുത്തത്.





