Malayali Media
Sports

സീചെം ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം; ഫൈനൽ പോരാട്ടത്തിൽ ഹിമാചൽ പ്രദേശിനെ 48 റൺസിന് തകർത്തു

31 Jul 20263 views 3 min read
സീചെം ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം; ഫൈനൽ പോരാട്ടത്തിൽ ഹിമാചൽ പ്രദേശിനെ 48 റൺസിന് തകർത്തു
Advertisement

സീനിയർ വനിതാ സീചെം ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് തിളക്കമാർന്ന കിരീടനേട്ടം. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഹിമാചൽ പ്രദേശിനെ 48 റൺസിന് കീഴടക്കിയാണ് കേരള വനിതകൾ ചാമ്പ്യന്മാരായത്. ആദ്യ ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെന്ന ശക്തമായ സ്കോർ കെട്ടിപ്പടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചൽ പ്രദേശിന് 18.3 ഓവറിൽ 98 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. തകർപ്പൻ ബൗളിംഗ് പ്രകടനത്തോടെ കേരളത്തിന്റെ വിജയം ഉറപ്പാക്കിയ നിയ നസ്‌നീനാണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന കേരളത്തിന് ഓപ്പണർമാരുടെ മികച്ച സംഭാവനയാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കിരൺ നവ്ഗിരെ 34 റൺസും ടി. ഷാനി 30 റൺസും നേടി. 15 പന്തുകളിൽ നിന്നും 24 റൺസ് നേടിയ നജ്‌ല സി.എം.സിയുടെയും 6 പന്തിൽ 15 റൺസ് അടിച്ചുകൂട്ടിയ നിയ നസ്‌നീന്റെയും ഇന്നിംഗ്സുകൾ ടീമിന് കൂടുതൽ കരുത്തായി. ഹിമാചലിനായി ബോൾ ചെയ്ത നീന ചൗധരി നാല് വിക്കറ്റും യമുന വി. റാണ രണ്ട് വിക്കറ്റും വീഴ്ത്തി.

വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹിമാചൽ പ്രദേശ് നിരയിൽ 40 റൺസെടുത്ത ഹർലീൻ ഡിയോളും 30 റൺസെടുത്ത ഹിമാൻഷി മേത്തയും മാത്രമാണ് പൊരുതിയത്. ഇവരൊഴികെയുള്ള മറ്റെല്ലാ ബാറ്റർമാരും രണ്ടക്കം കടക്കാനാവാതെ പുറത്താവുകയായിരുന്നു. 4 ഓവറിൽ രണ്ട് മെയ്ഡൻ ഉൾപ്പെടെ വെറും എട്ട് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ എറിഞ്ഞിട്ട നിയ നസ്‌നീന്റെ പ്രകടനമാണ് എതിരാളികളെ തകർത്തത്. ബാക്കി വിക്കറ്റുകളിൽ മൃദുല വി. എസ്, ടി. ഷാനി എന്നിവർ രണ്ട് വീതവും സജന സജീവൻ ഒന്നും വീഴ്ത്തി.

Advertisement

Comments

Add a Comment

Our Channels

സീചെം ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം; ഫൈനൽ പോരാട്ടത്തിൽ ഹിമാചൽ പ്രദേശിനെ 48 റൺസിന് തകർത്തു | Malayali Media