മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ സ്വന്തം തട്ടകത്തിലെത്തിക്കാൻ ഡൽഹി ക്യാപിറ്റൽസും ശ്രമം തുടങ്ങി. ഹാർദിക്കിനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലാണ് ഡൽഹിയുടെ ഈ പുതിയ നീക്കം.
തങ്ങളുടെ കന്നി ഐ.പി.എൽ കിരീടം ലക്ഷ്യമിട്ട് വൻ അഴിച്ചുപണി നടത്തുകയാണ് ഡൽഹി മാനേജ്‌മെന്റ്. ഇതിന്റെ ഭാഗമായി, കുൽദീപ് യാദവിനെ വിട്ടുനൽകിക്കൊണ്ട് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ നിന്നും റിഷഭ് പന്തിനെ അവർ നേരത്തെ ടീമിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു.
ഹാർദിക്കിന് പകരമായി നിലവിലെ നായകൻ അക്‌സർ പട്ടേലിനെയും ഓപ്പണർ പൃഥ്വി ഷായെയും മുംബൈക്ക് നൽകാൻ ഡൽഹി തയ്യാറാണ്. നിലവിൽ മുംബൈയിൽ ഹാർദിക്കിന് ലഭിക്കുന്ന പ്രതിഫലം 16.35 കോടി രൂപയാണെങ്കിൽ, ഡൽഹിയിൽ അക്‌സറിനുള്ള തുക 16.50 കോടിയാണ്.
മറുഭാഗത്ത്, ഹാർദിക്കിനായി ഡെവാൾഡ് ബ്രെവിസിനെ കൈമാറാമെന്നായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിന്റെ നിർദ്ദേശം. എന്നാൽ ട്രേഡിംഗ് തുകയ്ക്ക് പുറമേ ശിവം ദുബെ, ആയുഷ് മാത്രേ എന്നിവരെക്കൂടി വിട്ടുനൽകണമെന്ന് മുംബൈ വാശിപിടിച്ചതോടെ സി.എസ്.കെയുമായുള്ള ചർച്ചകൾ വഴിമുട്ടുകയായിരുന്നു. എന്തായാലും ഹാർദിക് അന്തിമമായി ഏത് ടീമിലേക്ക് ചേക്കേറുമെന്നത് അറിയാൻ ഇനിയും കുറച്ചുകാലം കാത്തിരിക്കേണ്ടി വരും.





