കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അറസ്റ്റിലായ കീർത്തന ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലഹരിവ്യാപാരവുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ പോലീസിന് ലഭിച്ചത്. മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചുള്ള സന്ദേശങ്ങളും എൻ.ഡി.പി.എസ് കേസിലെ പ്രതികളുമായുള്ള ചാറ്റുകളും ചിത്രങ്ങളും ഫോണിൽ നിന്ന് കണ്ടെത്താനായെന്ന് പോലീസ് വ്യക്തമാക്കി. കച്ചവടത്തിനായി കുട്ടികളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് സക്ഷമമായി അന്വേഷിക്കുന്നുണ്ട്.
കേസിൽ കീർത്തനയെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയത് കഴിഞ്ഞ ദിവസമാണ്. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച അപേക്ഷയുടെ പകർപ്പിൽ ഗൗരവകരമായ വിവരങ്ങളാണുള്ളത്. പ്രതികളുമായി ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിൾ പേ ഇടപാടുകൾ നടത്തിയതായി അന്വേഷണസംഘം അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 5 മണി വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്. കീർത്തന ഉൾപ്പെടുന്ന മൂന്ന് അധ്യാപികമാരെക്കൂടാതെ ജിജിൽ, സഫ്‌വാൻ എന്നീ യുവാക്കളാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.
ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയച്ചാണ് ആവശ്യക്കാർ എം.ഡി.എം.എ കൈപ്പറ്റിയിരുന്നതെന്ന് പോലീസ് വിശദീകരിച്ചിരുന്നു. ഈ ശൃംഖലയിലെ പ്രധാന കണ്ണിയായ വയനാട് സ്വദേശിയായ 22-കാരനായി പോലീസ് തിരച്ചിൽ തുടരുകയാണ്. പിടിയിലായവരും ഈ വയനാട് സ്വദേശിയും തമ്മിൽ ഇടപാടുകൾ നടന്നതിന്റെ കൃത്യമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.





