തൃശൂർ-പാലക്കാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കുതിരാൻ തുരങ്കത്തിന് മുകൾ ഭാഗത്ത് ഇന്ന് രാവിലെയോടെ ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. തുരങ്കത്തിന്റെ പടിഞ്ഞാറേ വശത്തുള്ള രണ്ടു ഭാഗങ്ങളിലാണ് പ്രധാനമായും മണ്ണ് ഇടിഞ്ഞു വീണത്.
ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കെ. രാജൻ എം.എൽ.എ എന്നിവർ സ്ഥലം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉടൻ തന്നെ ദേശീയപാത സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തും.
മേഖലയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിൽ ഭയപ്പെടേണ്ടതില്ലെന്ന് കെ. രാജൻ വ്യക്തമാക്കി. അവിടെയുള്ള മരങ്ങൾ താഴേക്ക് പതിക്കുമോ എന്ന കാര്യത്തിലാണ് നിലവിൽ ആശങ്കയുള്ളത്. നീർച്ചാലുകളിലെ ജലമൊഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. വെള്ളം തുടർച്ചയായി ഒഴുകി വരുന്നില്ലെന്നും രണ്ടു വശങ്ങളിലൂടെയുമാണ് നിലവിൽ ഒഴുകിപ്പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്ത് കടുത്ത ജാഗ്രത പുലർത്തുന്നുണ്ട്. തുരങ്കത്തിന് മുകളിലെ 110 കെ.വി സബ്‌സ്റ്റേഷനിൽ നിലവിൽ ആരും തങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗതാഗതത്തിന് യാതൊരുവിധ അപകടസാധ്യതയുമില്ലെന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്നും കെ. രാജൻ കൂട്ടിച്ചേർത്തു.





