കോന്നി: പ്രകൃതിദുരന്ത വേളയിൽ കോന്നി മേഖലയെ ഗൗനിച്ചില്ലെന്ന കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി മന്ത്രി പി.സി. വിഷ്ണുനാഥ്. എം.എൽ.എയ്ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകൾ നേരിട്ട് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പരസ്യമാക്കിക്കൊണ്ടാണ് മന്ത്രി മറുപടി നൽകിയത്. ജനീഷ് കുമാർ അങ്ങേയറ്റം മോശമായ രാഷ്ട്രീയം പയറ്റുകയാണെന്നും, താൻ മുൻകൈയെടുത്ത് അങ്ങോട്ട് ഫോണിൽ ബന്ധപ്പെട്ടാണ് ക്യാമ്പുകളിൽ എത്താനുള്ള താല്പര്യം അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
എം.എൽ.എയ്ക്കൊപ്പം താൻ കോന്നിയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിച്ചിട്ടുണ്ടെന്ന് മന്ത്രി ആവർത്തിച്ചു. "ഞാൻ ജനീഷ് കുമാറിനെ അങ്ങോട്ട് ബന്ധപ്പെട്ടാണ് ക്യാമ്പുകളിൽ എത്താം എന്ന കാര്യം വ്യക്തമാക്കിയത്. ജനീഷ് അത്യന്തം വൃത്തികെട്ട രാഷ്ട്രീയമാണ് ഇവിടെ പുറത്തെടുക്കുന്നത്. നാടൊട്ടുക്കും ദുരന്തം അനുഭവിക്കുന്ന ഈ സമയത്ത് തന്നെയാണോ ഇത്തരം രാഷ്ട്രീയ കളി നടത്തേണ്ടത്? മനസാക്ഷിയുള്ള ആരെങ്കിലും താൻ ഉറങ്ങുകയായിരുന്നു എന്ന് ആരോപിക്കുമോ? പ്രസ്താവനകൾ നടത്തുമ്പോൾ കുറച്ചെങ്കിലും മനുഷ്യത്വം കാണിക്കേണ്ടതുണ്ട്. റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളിലെല്ലാം യോഗങ്ങൾ വിളിപ്പിച്ചു ചേർക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളപ്പൊക്ക ബാധിത മേഖലകളിലും നേരിട്ടെത്തുകയും ചെയ്തിട്ടുണ്ട്," മന്ത്രി പറഞ്ഞു.
മുൻ സർക്കാരിനെതിരെയും രൂക്ഷമായ വിമർശനമാണ് മന്ത്രി ഉന്നയിച്ചത്. മുൻപെങ്ങും ഇല്ലാത്തവിധം ദുരന്തമുണ്ടായി രണ്ടാം നാൾ മുതൽ തന്നെ രാഷ്ട്രീയ ആരോപണങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളുമായി രംഗത്തിറങ്ങുന്ന രീതിയാണ് പ്രതിപക്ഷം കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "സംസ്ഥാനത്തിന്റെ പണം ഉപയോഗിച്ച് നെതർലൻഡ്സിൽ പോയി 'റൂം ഫോർ റിവർ' പദ്ധതി പഠിച്ച് ഇവിടെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ആ പദ്ധതിക്ക് എന്താണ് സംഭവിച്ചത്? മുൻകരുതൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നവീന കാര്യങ്ങൾ നടപ്പിലാക്കുമെന്ന് പറഞ്ഞെങ്കിലും അവർ ഒന്നും ചെയ്തില്ല. അവർ ഒന്നും ചെയ്യാത്തതിന്റെ ദുരന്തഫലമാണ് ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.





